പൊതുവിപണിയിൽ ജീരകത്തിന് ഡിമാൻഡ് കുറയുന്നു, വില കുത്തനെ താഴേക്ക്


മുംബൈ: പൊതുവിപണിയിൽ ജീരകത്തിന്റെ വില കുത്തനെ ഇടിഞ്ഞു. ശരാശരി വില 50 ശതമാനത്തോളമാണ് കുറഞ്ഞത്. നിലവിൽ, ഗുജറാത്തിലെ ഉജ്ജയിൽ ജീരകത്തിന്റെ വില കിലോയ്ക്ക് 300 രൂപയാണ്. നേരത്തെ 600 രൂപ വരെ ഒരു കിലോ ജീരകത്തിന് ലഭിച്ചിരുന്നു. വരും മാസങ്ങളിലും ജീരകത്തിന്റെ വില കുത്തനെ ഇടിഞ്ഞേക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. മികച്ച വിളവെടുപ്പ് പ്രതീക്ഷിച്ചതാണ് ഇത്തവണ ഉണ്ടായ ഇടിവിനുള്ള പ്രധാന കാരണം.

വിളവെടുപ്പ് പൂർത്തിയായാൽ ഫെബ്രുവരി അവസാനത്തോടെ ജീരകത്തിന്റെ കൂടുതൽ സ്റ്റോക്ക് വിപണിയിലെത്തും. ഇതോടെ, കിലോയ്ക്ക് 250 രൂപ വരെയായി കുറയാൻ സാധ്യതയുണ്ട്. ജീരകത്തിന്റെ വില കുറയുന്നത് സുഗന്ധവ്യഞ്ജന വിഭാഗത്തിലെ പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ സീസണിൽ 1.2 ദശലക്ഷം ഹെക്ടറിൽ കർഷകർ ജീര വിതച്ചിരുന്നു. രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരാണ് ജീര കൃഷിയിൽ കൂടുതലായി ഏർപ്പെട്ടിരിക്കുന്നത്

ചൈന, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ മറ്റ് ഉൽപ്പാദക രാജ്യങ്ങളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതിനാൽ കഴിഞ്ഞ ഒരു മാസമായി ജീരകത്തിന്റെ കയറ്റുമതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 20,000 ടൺ ജീരകമാണ് കയറ്റുമതി ചെയ്തത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ വിതച്ച് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽലാണ് ജീരകം വിളവെടുക്കുന്നത്.