വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് കാനഡ! പഠന വിസയിൽ കടുത്ത നിയന്ത്രണങ്ങൾ


വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് പ്രമുഖ യൂറോപ്യൻ രാജ്യമായ കാനഡ. വിദ്യാർത്ഥികൾക്കുള്ള പഠന വിസയിൽ കടുത്ത നിയന്ത്രണമാണ് കാനഡ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പാർപ്പിട പ്രതിസന്ധി പരിഹരിക്കുന്നതിന്റെയും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചൂഷണത്തിന് കടിഞ്ഞാൺ ഇടുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. അടുത്ത 2 വർഷത്തേക്കുള്ള പഠന വിസയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം അനുവദിക്കുന്ന വിസകളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്ന് കനേഡിയൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വർഷം 3,64,000 പുതിയ വിസകൾ മാത്രമേ അനുവദിക്കുകയുള്ളൂ. 2023-ൽ 5,60,00-ലധികം വിസകൾക്കുള്ള അനുമതിയാണ് കാനഡ നൽകിയത്.

2025-ലും സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാനഡ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ കണക്കുകൾ ഈ വർഷം അവസാനത്തോടെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം വർദ്ധിക്കുന്നത് മൂലം പാർപ്പിട ലഭ്യതയെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇത് പല പ്രവിശ്യകളിലും വലിയ രീതിയിലുള്ള സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്കുളള വിസയുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നത്. കാനഡയുടെ പുതിയ നടപടി വിദേശ പഠനം ലക്ഷ്യമിടുന്ന മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ അടക്കമുള്ള നിരവധി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗവും വിദേശ പഠനത്തിനായി ആശ്രയിക്കുന്നത് കാനഡയെയാണ്.