വാട്സ്ആപ്പ് മുഖാന്തരമുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നു! ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: വാട്സ്ആപ്പ് മുഖാന്തരമുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വാട്സ്ആപ്പ് തട്ടിപ്പുകൾ രാജ്യത്ത് വർദ്ധിച്ച് വരുകയാണെന്നും, ഇതിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പോലീസ് ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വാട്സ്ആപ്പിലൂടെ ജോലി നൽകാമെന്ന് പറഞ്ഞും, റിസ്കില്ലാതെ സാമ്പത്തിക ലാഭം നേടിത്തരാമെന്നുമുള്ള വാഗ്ദാനങ്ങൾ നൽകിയുമാണ് തട്ടിപ്പുകൾ നടത്തുന്നത്. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങൾ, കോളുകൾ എന്നിവ തട്ടിപ്പാകാമെന്ന് ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ബിപിആർഡി) വ്യക്തമാക്കി.
വിവിധ തരത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോരുന്ന സാഹചര്യങ്ങളെ കുറിച്ച് ബിപിആർഡി വാട്സ്ആപ്പിനെ അറിയിച്ചിട്ടുണ്ട്. കെനിയ, വിയറ്റ്നാം, എത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ ടെലിഫോൺ കോഡുകൾ ഉള്ള നമ്പറുകളിൽ നിന്നാണ് ഭൂരിഭാഗം തട്ടിപ്പ് കോളുകളും എത്തുന്നത്.