മുംബൈ: നിക്ഷേപകർക്കിടയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തരംഗമായി മാറിയവയാണ് സോവറിൻ ഗോൾഡ് ബോർഡുകൾ. യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായി നിക്ഷേപം എന്ന നിലയിലാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കാറുള്ളത്. ഇപ്പോഴിതാ പുതുവർഷത്തിലെ സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന്റെ സബ്സ്ക്രിപ്ഷൻ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 12-ന് ആരംഭിച്ച് 21-ന് അവസാനിക്കുന്ന രീതിയിലാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. പ്രതിവർഷം 2.5 ശതമാനം പലിശയാണ് ഈ സ്കീമിന് കീഴിൽ ലഭിക്കുന്നത്.
ഭൗതിക സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റൽ സ്വർണം വാങ്ങാവുന്ന രീതിയാണിത്. കേന്ദ്ര സർക്കാറിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കാറുള്ളത്. ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും, വാർഷിക പരിധി 4 കിലോ ഗ്രാമുമാണ്. നിക്ഷേപകന് സ്വർണത്തിന്റെ മാർക്കറ്റ് മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പ ലഭിക്കുന്ന രീതിയിൽ ബോണ്ടുകൾ പണയം വയ്ക്കാവുന്നതാണ്. 8 വർഷമാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ കാലാവധി. അഞ്ചാമത്തെ വർഷം മുതൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള അവസരമുണ്ട്.