വിശന്നിരിക്കുമ്പോൾ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണോ? സ്വിഗ്ഗിയിൽ എത്തുന്ന പുതിയ മാറ്റം അറിഞ്ഞോളൂ
വിശന്നിരിക്കുമ്പോഴും ആഹാരം പാകം ചെയ്യാൻ മടിയുള്ളപ്പോഴും മിക്ക ആളുകളുടെയും ആശ്രയം ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളാണ്. ഇഷ്ടമുള്ള ഭക്ഷണം മണിക്കൂറുകൾക്കകം മുന്നിൽ എത്തുന്നതിനാൽ ഇത്തരം ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരും നിരവധിയാണ്. എന്നാൽ, ഇനി ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുൻപ് വിലയൊന്ന് നന്നായി നോക്കിക്കോളൂ. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് ഇരട്ടിയാക്കി ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ, ഓരോ ഓർഡറിനും 5 രൂപയാണ് പ്ലാറ്റ്ഫോം ഫീസായി ഈടാക്കുന്നത്. ഇനി മുതൽ ഇത് 10 രൂപയാക്കി വർദ്ധിപ്പിക്കാനാണ് സ്വിഗ്ഗിയുടെ തീരുമാനം. അതായത്, രണ്ടിരട്ടിയോളം വർദ്ധനവ്.
ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത ചെറിയൊരു വിഭാഗം ഉപഭോക്താക്കളിലേക്ക് മാത്രമാണ് വർദ്ധനവ് കൊണ്ടുവരിക. പിന്നീട് ഘട്ടം ഘട്ടമായി മുഴുവൻ ഉപഭോക്താക്കളിലേക്കും ഫീസ് വർദ്ധനവ് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. 2023 ഏപ്രിൽ മാസം മുതലാണ് സ്വിഗ്ഗി ഉപഭോക്താക്കളിൽ നിന്നും പ്ലാറ്റ്ഫോം ഫീസ് ഈടാക്കാൻ തുടങ്ങിയത്. അന്ന് 2 രൂപ നിരക്കിലായിരുന്നു പ്ലാറ്റ്ഫോം ഫീസ് ഈടാക്കിയിരുന്നത്. പിന്നീട് ഇവ 3 രൂപയായും, ശേഷം 5 രൂപയായും വർദ്ധിപ്പിക്കുകയായിരുന്നു. സ്വിഗ്ഗിക്ക് പുറമേ, സൊമാറ്റോയും ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഈടാക്കി തുടങ്ങിയത്.