മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ കമ്പനി, പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഉടൻ


മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം ഉണ്ടാക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി ഇന്ത്യൻ കമ്പനി. പൂനയിലെ വ്യാവസായിക കമ്പനിയായ പ്രാജ് ഇൻഡസ്ട്രീസാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാജ് ഇൻഡസ്ട്രീസിന് കീഴിലുള്ള സുസ്ഥിര വ്യോമയാന ഇന്ധന ഗവേഷണ വികസന കേന്ദ്രമാണ് ഇവ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, പ്രാജ് ഇൻഡസ്ട്രീസ് എന്നിവർ സംയുക്തമായാണ് ഈ ജൈവ വ്യോമയാന ഇന്ധനം വികസിപ്പിക്കുന്നത്.

ആഗോള തലത്തിൽ തന്നെ ഏറെ ഡിമാൻഡ് ഉള്ളവയാണ് ജൈവ വ്യോമയാന ഇന്ധനം. നിലവിൽ, ഇവ വികസിപ്പിക്കുന്നതിനായി ഉപകമ്പനിയായ പ്രാജ് ജെൻ എക്സിൽ 100 കോടി രൂപയുടെ നിക്ഷേപം പ്രാജ് ഇൻഡസ്ട്രീസ് നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് പുതുതായി ജൈവ ഇന്ധന കേന്ദ്രവും സ്ഥാപിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ ഇവ പ്രവർത്തനസജ്ജമാകും. വിവിധ കാർഷിക ഉൽപ്പന്ന മാലിന്യങ്ങൾ ഉപയോഗപ്പെടുത്തി ജൈവ ഇന്ധനം നിർമ്മിക്കുന്ന കമ്പനിയാണ് പ്രാജ് ഇൻഡസ്ട്രീസ്. ഈ കമ്പനി ഇതിനോടകം തന്നെ കരിമ്പിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്.