കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 1.89 കോടി രൂപയുടെ സ്വർണം


മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളിൽ നിന്നും 1.89 കോടി രൂപ വിലമതിക്കുന്ന 3 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. സ്വർണം ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ഷൂസിൽ നിന്ന് 1473 ഗ്രാം സ്വർണം പിടികൂടിയതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കുകയായിരുന്നു. തുടർന്നാണ് എയർപോർട്ടിലെ ശുചിമുറിയിലെ ഫ്ലഷ് നോബിനുള്ളിൽ നിന്നും സ്വർണം കണ്ടെടുത്തത്. നാല് പാക്കറ്റുകളിലായി 1533 ഗ്രാം സ്വർണമാണ് ഫ്ലഷ് നോബിനുള്ളിൽ സൂക്ഷിച്ചത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന ശക്തമാക്കിയത്. അടുത്തിടെയായി കരിപ്പൂർ എയർപോർട്ടിൽ സ്വർണക്കടത്ത് സജീവമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കസ്റ്റംസിന് പുറമേ, വിമാനത്താവളത്തിന് പുറത്തും പോലീസ് ശക്തമായ പരിശോധന നടത്തുന്നുണ്ട്.