വിപണിയിൽ നിന്നും പല നിരക്കിൽ നാരങ്ങ വാങ്ങുന്നവരാണ് മിക്ക ആളുകളും. എന്നാൽ, ഒരു കുഞ്ഞൻ നാരങ്ങയുടെ മാത്രം വില 1.48 ലക്ഷം രൂപയായാലോ? കേൾക്കുമ്പോൾ തന്നെ വിചിത്രമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. യുകെയിലെ ഷ്രോപ്ഷെയറിലെ ബ്രറ്റെൽസിലെ ലേലക്കാരാണ് 1.48 ലക്ഷം രൂപയ്ക്ക് നാരങ്ങ വിറ്റത്. ഇത്രയും മൂല്യം അർഹിക്കുന്ന ഈ നാരങ്ങ 285 വർഷം പഴക്കമുള്ളതാണ്. അതായത്, പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ നാരങ്ങയുടെ ഉത്ഭവം. പരമ്പരാഗതമായി ലഭിച്ച അലമാരയിൽ നിന്നാണ് ഈ നാരങ്ങ പുതിയ തലമുറയിൽപെട്ടവരുടെ ശ്രദ്ധയിൽപ്പെടുന്നത്.
അലമാര തന്നെ വിൽപ്പനയ്ക്ക് വച്ചപ്പോഴാണ് ഡ്രോയറിന്റെ പിൻഭാഗത്ത് നിന്നും ഉണങ്ങിയ രൂപത്തിലുളള നാരങ്ങ ലഭിക്കുന്നത്. നാരങ്ങയുടെ പുറം തൊലിയിൽ ‘മിസ് ഇ ബാക്‌സ്റ്ററിന് 1739 നവംബർ 4 മിസ്റ്റർ പി ലു ഫ്രാഞ്ചിനി നൽകിയത്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേവലം ഒരു തമാശയ്ക്കാണ് ഇവ ലേലത്തിൽ വച്ചതെങ്കിലും, നാരങ്ങ സ്വന്തമാക്കാൻ ലേലക്കാരുടെ നീണ്ട നിര തന്നെയാണ് ഉണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നാരങ്ങ റെക്കോർഡ് വിലയ്ക്കാണ് വിറ്റുപോയത്.