വ്യവസ്ഥകൾ പാലിച്ചില്ല: നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിക്ക് ലക്ഷങ്ങൾ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ


ന്യൂഡൽഹി: രാജ്യത്തെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഹൗസിംഗ് ഫിനാൻസിനെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ, ബജാജ് ഹൗസിംഗ് ഫിനാൻസ് 5 ലക്ഷം രൂപയാണ് പിഴ ഇനത്തിൽ അടയ്ക്കേണ്ടത്. നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി- ഹൗസിംഗ് ഫിനാൻസ് കമ്പനി എന്നിവയ്ക്കായുള്ള വ്യവസ്ഥകൾ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി കർശനമാക്കിയത്. പേടിഎമ്മിന് പിന്നാലെയാണ് ആർബിഐയുടെ പുതിയ നടപടി.

കമ്പനിയുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി 2022 മാർച്ച് 31 വരെ നാഷണൽ ഹൗസിംഗ് ബാങ്ക് ഒരു നിയമപരമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ മാനേജ്മെന്റിലെ മാറ്റത്തിന് പൂനെ കമ്പനി മുൻകൂർ രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മാനേജ്മെന്റിലെ സ്വതന്ത്ര ഡയറക്ടർമാർ ഒഴികെ 30 ശതമാനത്തിലധികം ഡയറക്ടർമാരാണ് മാറിയത്. അതേസമയം, പിഴ ചുമത്തിയത് അടക്കമുള്ള നടപടികൾ വ്യവസ്ഥകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, കമ്പനി അതിന്റെ ഉപഭോക്താക്കളുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കാൻ ഉദ്ദേശിച്ചതല്ലെന്നും ആർബിഐ വ്യക്തമാക്കി.