ഫാസ്ടാഗ് നൽകാൻ അനുമതിയുളള ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പുറത്ത്, ഇക്കുറി ഇടം നേടിയത് 32 ബാങ്കുകൾ
ന്യൂഡൽഹി: ദേശീയപാതകളിൽ ടോൾ നൽകുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാൻ അധികാരമുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പുറത്ത്. റിസർവ് ബാങ്കിന്റെ നടപടി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യൻ ഹൈവെയ്സ് മാനേജ്മെന്റ് കമ്പനിയാണ് ഫാസ്ടാഗ് പുറത്തിറക്കാൻ അധികാരമുള്ള ബാങ്കുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. നിലവിൽ, 32 ബാങ്കുകൾക്ക് മാത്രമാണ് അനുമതി ഉള്ളത്.
എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയവ മുൻനിര പൊതുമേഖലാ ബാങ്കുകളും, സ്വകാര്യ മേഖലാ ബാങ്കുകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ജനുവരി 31നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎമ്മിനുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറക്കിയത്. ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന് നിക്ഷേപം സ്വീകരിക്കുന്നതിനും വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യുന്നതിനും റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.