രാജ്യത്തെ കർഷകരുടെ വരുമാന പിന്തുണ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിക്ക് കീഴിൽ അനർഹമായി പണം കൈപ്പറ്റിയവർ തിരിച്ചടയ്ക്കുന്നില്ലെന്ന് പരാതി. കേരളത്തിൽ നിന്നും നിരവധി ആളുകളാണ് അനർഹമായി ആനുകൂല്യം നേടിയിട്ടുള്ളത്. ഇവരിൽ ഭൂരിഭാഗം ആളുകളും പണം തിരികെ സർക്കാരിലേക്ക് അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. യോഗ്യതയില്ലാതെ പണം നേടിയവർ, മറ്റുള്ളവരുടെ ആനുകൂല്യം അനധികൃതമായി സ്വന്തമാക്കിയവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നീ കാറ്റഗറികളിൽ ഉൾപ്പെട്ടവർ നിർബന്ധമായും പണം തിരിച്ചടയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
കേരളത്തിൽ മാത്രം 30,146 അനർഹരാണ് പിഎം കിസാൻ പദ്ധതിക്ക് കീഴിൽ പണം കൈപ്പറ്റിയിട്ടുള്ളത്. ഇതിൽ 21,080 ആളുകൾ ആദായനികുതി അടയ്ക്കുന്നവരാണ്. നിലവിൽ, 2,190 ആളുകൾ മാത്രമാണ് പണം തിരിച്ചടച്ചത്. ബാക്കിയുള്ളവരിൽ നിന്ന് റീഫണ്ട് അതിവേഗത്തിൽ കൈപ്പറ്റാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അനർഹരിൽ നിന്ന് പണം തിരിച്ചുപിടിക്കുന്ന നടപടി കേരളത്തിൽ മന്ദഗതിയിലാണെന്ന് കേന്ദ്രം ആരോപിച്ചു. പണം നേരിട്ട് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ പേ ആൻഡ് അക്കൗണ്ട് ഓഫീസിന്റെ പേരിൽ ചെക്ക് ആയോ, ഡിഡി ആയോ തിരിച്ചടയ്ക്കാവുന്നതാണ്.