ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് ആശ്വാസം നേടാൻ തണുത്തുറഞ്ഞ പറുദീസയിലേക്ക് കിടിലൻ യാത്രാ പാക്കേജ് അവതരിപ്പിച്ച് ഐആർസിടിസി. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ഓരോ ഇന്ത്യക്കാരനും കരുതുന്ന കാശ്മീരിലേക്കാണ് പുതിയ പാക്കേജ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കുറഞ്ഞ ചിലവിൽ കാശ്മീർ സന്ദർശിക്കാൻ കഴിയുമെന്നതാണ് ഐആർസിടിസി പാക്കേജിന്റെ പ്രധാന ആകർഷണീയത. ‘കാശ്മീർ ഹെവൻ എർത്ത് എക്സ് മുംബൈ’ എന്ന പാക്കേജിനാണ് ഐആർസിടിസി രൂപം നൽകിയിരിക്കുന്നത്. ഈ പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം.
കാശ്മീർ ഹെവൻ എർത്ത് എക്സ് മുംബൈ പാക്കേജിന് കീഴിൽ ഗുൽമാർഗ്, പഹൽഗ്രാം, ശ്രീനഗർ എന്നിവിടങ്ങളാണ് സന്ദർശിക്കാൻ കഴിയുക. അഞ്ച് രാത്രിയും ആറ് പകലും നീളുന്നതാണ് യാത്ര. മുംബൈ വിമാനത്താവളത്തിൽ നിന്ന് മാർച്ച് 18ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 24-ന് തിരിച്ചെത്തുന്നതാണ്. ഒരാൾക്ക് 58,500 രൂപയും, രണ്ട് പേരടങ്ങുന്ന സംഘത്തിന് 49,300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രത്യേകം തുക അടയ്ക്കേണ്ടതാണ്. കിടക്ക ആവശ്യമുള്ള 5-നും 11-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 44,000 രൂപയും, മറ്റുള്ളവർക്ക് 38,500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.