വിമാനമിറങ്ങി അരമണിക്കൂറിനകം യാത്രക്കാർക്ക് ബാഗേജ് നൽകണം: നിർദ്ദേശം പുറപ്പെടുവിച്ച് ബിസിഎഎസ്



വിമാനത്താവളത്തിൽ വിമാനമിറങ്ങി അരമണിക്കൂറിനകം യാത്രക്കാർക്ക് ബാഗേജുകൾ നൽകണമെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യയിലെ 7 എയർലൈൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 26-നകം നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്.

എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് കണക്ട്, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബിസിഎഎസ് 2024 ജനുവരി മുതൽ വിവിധ വിമാനത്താവളങ്ങളിൽ ബാഗേജ് തിരികെ നൽകുന്ന സമയം നിരീക്ഷിക്കുകയായിരുന്നു. മിക്ക എയർലൈനുകൾക്കും സേവന നിലവാരം പാലിക്കാൻ കഴിയാതെ വന്നതോടെയാണ് 30 മിനിറ്റിനുള്ളിൽ ബാഗേജ് തിരികെ നൽകണമെന്ന് നിർദ്ദേശിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, വിമാനത്തിന്റെ എൻജിൻ പ്രവർത്തനം നിർത്തിയ ശേഷം 10 മിനിറ്റിനുള്ളിൽ കൺവെയർ ബെൽറ്റിൽ ആദ്യ ബാഗും, 30 മിനിറ്റിനുള്ളിൽ അവസാനത്തെ ബാഗും എത്തണമെന്നാണ് നിബന്ധന.

Also Read: മറാഠ സംവരണ ബിൽ ഏകകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ, നിയമം ഉടൻ പ്രാബല്യത്തിൽ