ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഏറ്റവും പ്രചാരമുള്ള യുപിഐ സേവന ദാതാക്കളാണ് ഗൂഗിൾ പേ. അതുകൊണ്ടുതന്നെ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കയറിയാൽ പോലും ഇന്ന് ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണ് കൂടുതൽ. ഇപ്പോൾ ഇതാ ഗൂഗിൾ പേയുടെ സേവനവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. അധികം വൈകാതെ അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിൾ പേയുടെ തീരുമാനം.
അമേരിക്കയിൽ ഗൂഗിൾ പേ പോലുള്ള ആപ്പുകൾക്ക് പ്രചാരം വലിയ തോതിൽ കുറഞ്ഞതോടെയാണ് സേവനം അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. ഗൂഗിൾ പേ അവസാനിപ്പിച്ച ശേഷം, ഗൂഗിൾ വാലറ്റ് എന്ന പുതിയ സംവിധാനത്തിലേക്ക് മാറുന്നതാണ്. നിലവിൽ, അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് ഉപഭോക്താക്കൾ കൂടുതലുള്ളത്. ഗൂഗിളിന്റെ ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, ജൂൺ നാലാം തീയതി വരെ മാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയിൽ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ സേവനം തുടരുന്നതാണ്.