വീടുകളിലും ഓഫീസുകളിലും ഇരിക്കുമ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് മിക്ക ആളുകളും. എന്നാൽ, ട്രെയിൻ യാത്രക്കിടയിലും ഇത്തരത്തിൽ ഫുഡ് ഓർഡർ ചെയ്യാൻ കഴിഞ്ഞാലോ? അങ്ങനെയൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഐആർസിടിസിയുമായി കൈകോർത്താണ് സ്വിഗ്ഗിയുടെ പുതിയ നീക്കം. പ്രാരംഭ ഘട്ടത്തിൽ ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ വഴി മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി 4 റെയിൽവേ സ്റ്റേഷനുകൾ പോയിന്റ് ഓഫ് കൺസെപ്റ്റ് (പിഒസി) ആയി ഐആർസിടിസി അംഗീകരിച്ചിട്ടുണ്ട്. ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം എന്നിവയാണ് ഈ നാല് സ്റ്റേഷനുകൾ.
യാത്രക്കാർ ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ അവരുടെ പിഎൻആർ നൽകണം. തുടർന്ന് ഒരു റസ്റ്റോറന്റ് തിരഞ്ഞെടുക്കുക. ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുത്ത് ഓർഡർ പൂർത്തിയാക്കുക, തുടർന്ന് ഓൺലൈനായി പണമടയ്ക്കുക അല്ലെങ്കിൽ ഡെലിവറി ഓർഡറിൽ പണം ഷെഡ്യൂൾ ചെയ്യുക. ഭക്ഷണം യാത്രക്കാരുടെ സീറ്റിൽ എത്തിക്കുന്നതാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ്, വിവിധ റെയിൽവേ സ്റ്റേഷനുകളിൽ മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം ചെയ്യുന്നതിനായി ഐആർസിടിസി ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോയുമായി കരാറിലെത്തിയിരുന്നു. ന്യൂഡൽഹി, പ്രയാഗ രാജ്, കാൺപൂർ, ലക്നൗ വാരണാസി എന്നീ സ്റ്റേഷനുകളിലാണ് സൊമാറ്റോയുടെ സേവനം ലഭിക്കുന്നത്.