ന്യൂഡൽഹി: വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് 80-കാരനായ യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 16ന് മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിലാണ് സംഭവം. വീൽ ചെയർ നിഷേധിച്ചതിനെ തുടർന്ന് ഡിജിസിഎ എയർ ഇന്ത്യയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യാത്രക്കാരന്റെ ഭാര്യയ്ക്ക് വീൽചെയർ നൽകിയിരുന്നുവെന്നും, മറ്റൊന്ന് ക്രമീകരിക്കുന്നത് വരെ കാത്തിരിക്കാൻ വിമാനത്താവള ജീവനക്കാർ ആവശ്യപ്പെട്ടതായും എയർലൈൻ അറിയിച്ചു. എന്നാൽ, ഭാര്യയോടൊപ്പം ടെർമിനലിലേക്ക് നടക്കാൻ യാത്രക്കാരൻ തീരുമാനിക്കുകയായിരുന്നെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. എയർ ഇന്ത്യ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടുകയും, 30 ലക്ഷം രൂപ പിഴ ചുമത്തുകയുമായിരുന്നു.
വിമാനയാത്രയില്‍ ഭിന്നശേഷിക്കാര്‍/അല്ലെങ്കില്‍ ചലനശേഷി കുറഞ്ഞ വ്യക്തികള്‍ എന്നിവർക്കുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ എയര്‍ ഇന്ത്യ പാലിച്ചിട്ടില്ലെന്ന് ഡിജിസിഎ കണ്ടെത്തിയിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് റൂള്‍സ്, 1937-ല്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതാണ് എയര്‍ലൈനിന് പിഴ ചുമത്താന്‍ കാരണമായത്. വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാര്‍ക്ക് മതിയായ വീല്‍ചെയറുകള്‍ ഉറപ്പാക്കണമെന്ന് എയര്‍ലൈനുകള്‍ക്ക് ഡിജിസിഎ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്