റിസർവ് ബാങ്കിന്റെ നടപടികൾക്ക് പിന്നാലെ തകർച്ചയിലേക്ക് വീണ് പേടിഎം പേയ്മെന്റ് ബാങ്ക്. നിലവിൽ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് 5.49 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടി. അതേസമയം, പേടിഎം പേയ്മെന്റ് ബാങ്കുമായുള്ള കരാറുകൾ പേടിഎം അവസാനിപ്പിച്ചതായി വൺ97 കമ്മ്യൂണിക്കേഷൻസ് അറിയിച്ചു. പേടിഎമ്മിന്റെ മാതൃക കമ്പനിയാണ് വൺ97 കമ്മ്യൂണിക്കേഷൻസ്. ഇനി മുതൽ പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിന്റെ ഇടപാടുകൾ തുടരാനാണ് തീരുമാനം. ഇതിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
മാർച്ച് 15-നു ശേഷം പേടിഎം വാലറ്റിലേക്കും, ബാങ്കുകളിലേക്കുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പേടിഎമ്മിന്റെ തീരുമാനം. നിലവിൽ, യുപിഐ പേയ്മെന്റുകൾക്കുള്ള പങ്കാളിത്തത്തിനായി എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് എന്നിവയുമായി പേടിഎം ചർച്ചകൾ നടത്തുന്നുണ്ട്. നിലവിലുള്ള മുഴുവൻ പേടിഎം ഉപഭോക്താക്കളെയും മറ്റൊരു പേയ്മെന്റ് സേവന ദാതാവിലേക്ക് മാറ്റാൻ 3 മാസം മുതൽ 6 മാസം വരെ സമയമെടുത്തേക്കുമെന്നാണ് വിലയിരുത്തൽ. പേടിഎം ഉപഭോക്താക്കൾക്ക് ഇപ്പോൾ കമ്പനിയുടെ വിപിഎ വഴി അവരുടെ യുപിഐ പേയ്മെന്റുകൾ നടത്താൻ കഴിയുന്നതാണ്.