കൊച്ചി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ കണ്ടെയ്നർ ഫീഡർ കപ്പലിന്റെ നിർമ്മാണം കൊച്ചിൻ ഷിപ്പിയാർഡിൽ ആരംഭിച്ചു. നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചരക്ക് കൈകാര്യ കമ്പനിയായ സാംസ്കിപ്പിനായാണ് അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്രത്യേക കപ്പൽ നിർമ്മിക്കുന്നത്. ഇത്തരത്തിൽ രണ്ട് കപ്പലുകളാണ് നിർമ്മിക്കുക. കപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2025 ഓടേ പൂർത്തിയാകും. ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ കാർബൺ പുറന്തള്ളുകയില്ല.
ചരക്ക് നീക്കത്തിനും മറ്റും കാർബൺ രഹിത ഇന്ധനം ഉപയോഗിക്കാനുള്ള നോർവീജിയൻ സർക്കാറിന്റെ പുതിയ പദ്ധതിയുടെ ഭാഗമായാണ് ഹൈഡ്രജൻ കണ്ടെയ്നർ കപ്പൽ നിർമ്മിക്കുന്നത്. ഇതുവഴി പ്രതിവർഷം കാൽലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ സാധിക്കുന്നതാണ്. 550 കോടി രൂപ ചെലവിലാണ് കപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. 138 മീറ്റർ നീളവും 23 മീറ്റർ വീതിയും കണ്ടെയ്നർ കപ്പലിന് ഉണ്ടാകും. ആഭ്യന്തര, അന്തർദേശീയ കരാറുകൾ വിജയകരമായി പൂർത്തിയാക്കാൻ കൊച്ചിൻ ഷിപ്പിയാഡിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.