തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയാണ് ഇത്തവണ വർദ്ധിപ്പിച്ചിരിക്കുന്നത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ, വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1806 രൂപയായി ഉയർന്നു.
പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 14 രൂപ വർദ്ധിപ്പിച്ചിരുന്നു. രണ്ട് മാസത്തിനിടെ 40 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. എണ്ണ കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കുന്നത്.