വ്യോമയാന രംഗത്ത് അതിവേഗം കുതിച്ച് ഇത്തിഹാദ്, കേരളത്തിൽ നിന്നുള്ള മൂന്ന് പുതിയ സർവീസ് ഉടൻ


വ്യോമയാന രംഗത്ത് പുതിയ മാറ്റങ്ങളുമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവെയ്സ്. കേരളത്തിൽ നിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ജൂണിൽ തിരുവനന്തപുരത്തേക്ക് മൂന്ന് പുതിയ പ്രതിവാര സർവീസുകൾ ആരംഭിക്കുന്നതാണ്. നിലവിൽ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 7 സർവീസുകളാണ് നടത്തുന്നത്. പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ, പ്രതിവാര സർവീസുകളുടെ എണ്ണം പത്തായി ഉയരും.

തിരുവനന്തപുരത്തിന് പുറമേ, ജയ്പൂരിൽ നിന്നും ഇത്തിഹാദ് എയർവെയ്സ് പ്രതിവാര സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജയ്പൂരിൽ നിന്ന് നാല് പുതിയ സർവീസുകളാണ് ആരംഭിക്കുക. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ജയ്പൂരിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ജയ്പൂരിൽ നിന്ന് കൂടി സർവീസ് ആരംഭിക്കുമ്പോൾ ഇന്ത്യയുടെ ഗേറ്റ് വേ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി വർദ്ധിക്കുന്നതാണ്.

കേരളത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് ഇത്തിഹാദ് എയർവെയ്സ് സർവീസുകൾ നടത്തുന്നത്. ഈ വർഷം ജനുവരി ആദ്യവാരം മുതൽ അബുദാബിയിൽ നിന്ന് കോഴിക്കോടേക്കും, തിരുവനന്തപുരത്തേക്കും പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു.