വീഞ്ഞൊഴുകുന്ന നാട്!! വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുന്നത് ലിറ്റർ കണക്കിന് വൈൻ, കർഷകർ പ്രതിസന്ധിയിൽ


ഒരു കാലത്ത് ആഗോളതലത്തിൽ ഏറെ ഡിമാൻഡ് ഉള്ള പാനീയങ്ങളിൽ ഒന്നായിരുന്നു വൈൻ. ഇപ്പോഴിതാ വീഞ്ഞൊഴുകുന്ന നാടെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായി മാറിയിരിക്കുകയാണ്. ആരും വാങ്ങാനില്ലാതെ ഗോഡൗണുകളിൽ ലിറ്റർ കണക്കിന് വൈനാണ് കെട്ടിക്കിടക്കുന്നത്. ഇതോടെ, പ്രതിസന്ധിയിലായിരിക്കുകയാണ് മുന്തിരി കർഷകർ. വിളവെടുക്കാനുള്ള ചെലവ് വളരെ കൂടുതലായതും, വൈൻ വിറ്റ് പോകാത്ത അവസ്ഥ വന്നതുമാണ് കർഷകരെ നിരാശയിലേക്ക് കൊണ്ടുപോയ ഘടകങ്ങൾ.

2023-ൽ വൈനിന്റെ ആഗോള ഉൽപ്പാദനം 60 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. മാറിക്കൊണ്ടിരിക്കുന്ന മദ്യപാന ശീലങ്ങളും, മോശം സാമ്പത്തിക സാഹചര്യങ്ങളുമാണ് വൈൻ വിപണിക്ക് തിരിച്ചടിയായി മാറിയിട്ടുള്ളത്. 2022-23 കാലയളവിൽ 15 വർഷത്തിനിടയിലെ ഏറ്റവും ചെറിയ അളവിലാണ് വൈൻ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്. എന്നിട്ട് പോലും വൈനിന്റെ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്.

യൂറോപ്യൻ യൂണിയനിലെ ഭൂരിഭാഗം രാജ്യങ്ങളിലും വൈൻ ഉൽപ്പാദനം കുറഞ്ഞിട്ടുണ്ട്. ഇത് ലോകത്ത് മൊത്തം ഉൽപ്പാദിപ്പിക്കുന്നതിന്റെ 60 ശതമാനത്തിലധികമാണ്. സ്പെയിനിൽ 14 ശതമാനവും ഇറ്റലിയിൽ 12 ശതമാനവും വിളവ് കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാരണം ഇൻഷുറൻസ് പ്രീമിയവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം വൈനിന് തിരിച്ചടിയാണെന്ന് ആൽക്കഹോൾ പാനീയ ഗവേഷണ കമ്പനിയായ ഐഡബ്ല്യുഎസ്ആർ വ്യക്തമാക്കി.