സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഇന്നത്തെ വിപണി വില 48,280 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6035 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ സർവകാല ഉയരത്തിൽ നിന്നാണ് ഇന്ന് സ്വർണവില താഴേക്കിറങ്ങിയിരിക്കുന്നത്. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ മാറ്റമില്ലാതെ ശേഷമാണ് ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്.
സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലെ പുതിയ ഉയരങ്ങൾ തുടർച്ചയായി കീഴടക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വാരത്തിലുണ്ടായത്. മാർച്ച് ഒൻപതാം തീയതിയാണ് സ്വർണവില ഇപ്പോഴത്തെ സർവകാല ഉയരത്തിലെത്തിയത്. പവന് 48,600 രൂപയും, ഗ്രാമിന് 6075 രൂപയുമായിരുന്നു വില. പിന്നീട് ഇന്നലെ വരെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര സ്വർണവ്യാപാരം നേരിയ ലാഭത്തിലാണ് ഉള്ളത്. ട്രോയ് ഔൺസിന് 0.41 ഡോളർ ഉയർന്ന് 2157.45 ഡോളർ എന്നതാണ് നിലവാരം. വരും ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.