വേനൽക്കാലം പൊടിപൊടിക്കാൻ ഗംഭീര തയ്യാറെടുപ്പുകളുമായി രാജ്യത്തെ വിമാന കമ്പനികൾ. വിമാന ടിക്കറ്റ് വർദ്ധനവും, ഡിമാൻഡും പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്പൈസ് ജെറ്റ് 10 വിമാനങ്ങളാണ് പാട്ടത്തിനെടുക്കുന്നത്. ഇതുവഴി വിമാന കമ്പനിയുടെ പ്രവർത്തനശേഷി 10 ശതമാനത്തോളം വർദ്ധിപ്പിക്കുന്നതാണ്. രാജ്യത്ത് വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്പൈസ് ജെറ്റിന്റെ നീക്കം.
രാജ്യത്തെ വിവിധ നഗരങ്ങൾക്കിടയിൽ പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനും, നിലവിലുള്ള വിമാനങ്ങളുടെ പ്രവർത്തനശേഷി പരമാവധി വർദ്ധിപ്പിക്കുന്നതിനും പാട്ടത്തിനടുത്ത വിമാനങ്ങൾ ഉപയോഗിക്കുന്നതാണ്. വിമാനം പാട്ടത്തിന് നൽകുന്ന സ്ഥാപനമായ ക്രോസ് ഓഷ്യൻ പാർട്ണേഴ്സുമായുള്ള 93 കോടി രൂപയുടെ തർക്കം അടുത്തിടെ കമ്പനി പരിഹരിച്ചിരുന്നു. സ്പൈസ് ജെറ്റിന് പുറമേ, വേനൽക്കാല യാത്രാ തിരക്ക് നേരിടാൻ ഇൻഡിഗോയും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ റൂട്ടുകളിൽ സേവനം ആരംഭിക്കാനാണ് ഇൻഡിഗോയുടെ തീരുമാനം.