പുരസ്കാര നിറവിൽ വിഴിഞ്ഞം പോർട്ട്, ഇക്കുറി തേടിയെത്തിയത് സുരക്ഷാ അവാർഡ്


തിരുവനന്തപുരം: പുരസ്കാര നിറവിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്. ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ നൽകുന്ന സുരക്ഷാ അവാർഡാണ് ഇക്കുറി വിഴിഞ്ഞം പോർട്ട് സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷിത ജോലി സ്ഥലം, തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇന്റർനാഷണൽ സേഫ്റ്റി അവാർഡുകളിൽ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് വിഴിഞ്ഞം പോർട്ട്.

49 രാജ്യങ്ങളിൽ നിന്നുള്ള 1124 അവാർഡ് ജേതാക്കളിൽ 269 സ്ഥാപനങ്ങൾക്കാണ് ഇത്തവണ ഡിസ്റ്റിംഗ്ഷൻ ലഭിച്ചിരിക്കുന്നത്. അവാർഡ് നേടിയ വിഴിഞ്ഞം തുറമുഖത്തെ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റോബിൻസൺ അഭിനന്ദിച്ചു. ‘ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്റെ ലക്ഷ്യത്തിന് ഊർജ്ജം പകരുന്നതാണ്’, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക്സ് സോൺ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു.