വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇക്കുറി നടത്തുക 716 പ്രതിവാര സർവീസുകൾ


തിരുവനന്തപുരം: ഈ വർഷത്തെ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വിന്റർ ഷെഡ്യൂളിനേക്കാൾ 17 ശതമാനം കൂടുതൽ പ്രതിവാര വിമാന സർവീസുകളാണ് വേനൽക്കാല ഷെഡ്യൂളിൽ നടത്തുക. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മാർച്ച് 31 മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിൽ 716 പ്രതിവാര സർവീസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ, ഇത് 612 എണ്ണമാണ്.

വേനൽക്കാല ഷെഡ്യൂളിൽ മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകളും, അബുദാബി, ദമാം, കുവൈറ്റ്, ക്വാലാലംപൂർ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസുകളും ഉണ്ടായിരിക്കുന്നതാണ്. നിലവിലുള്ള 268 അന്താരാഷ്ട്ര പ്രതിവാര സർവീസുകൾ വേനൽക്കാലത്ത് 324 ആയി വർദ്ധിപ്പിക്കാനാണ് തീരുമാനം. കൂടാതെ, ആഭ്യന്തര സർവീസുകൾ നിലവിലെ 344 എണ്ണത്തിൽ നിന്ന് 14 ശതമാനം വർദ്ധനവോടെ 392 എണ്ണമായി ഉയർത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് വേനൽക്കാല ഷെഡ്യൂളിൽ വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നത്.