2000 രൂപ നോട്ട് ഇപ്പോഴും കയ്യിലുണ്ടോ? ഏപ്രിൽ ഒന്നിന് മാറ്റി വാങ്ങാൻ കഴിയില്ല, കാരണമിത്


ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ഏപ്രിൽ ഒന്നിന് സെൻട്രൽ ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിൽ ലഭ്യമാകില്ലെന്ന് ആർബിഐ വ്യക്തമാക്കി. ഏപ്രിൽ ഒന്നിന് അക്കൗണ്ടുകളുടെ വാർഷിക ക്ലോസിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതാണ്. ഇതിനെ തുടർന്നാണ് 2000 രൂപ നോട്ടുമായി ബന്ധപ്പെട്ട നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. അതേസമയം, ഏപ്രിൽ രണ്ടിന് നോട്ടുകൾ മാറ്റി വാങ്ങാനുള്ള സൗകര്യം ലഭിക്കുന്നതാണ്.

2023 മെയ് 19 മുതൽ റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 2023 ഒക്ടോബർ 9 മുതലാണ് ആർബിഐ ഇഷ്യു ഓഫീസുകളിലും വ്യക്തികളിൽ നിന്ന് 2000 രൂപ നോട്ട് സ്വീകരിക്കാൻ തുടങ്ങിയത്. 2024 മാർച്ച് 1 വരെയുള്ള കണക്കുകൾ പ്രകാരം, 97.62 ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 2023 മെയ് 19 ന് അവസാനിച്ച 3.56 ലക്ഷം കോടി രൂപയിൽ നിന്ന് 2024 ഫെബ്രുവരി 29 ന് ബിസിനസ് അവസാനിക്കുന്ന സമയത്ത് 8,470 കോടി രൂപയായി കുറഞ്ഞിട്ടുണ്ടെന്ന് ആർബിഐ വ്യക്തമാക്കി.