ക്ലാസിൽ സംസാരിച്ചതിന് പേരെഴുതിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി ഉള്‍പ്പടെയുള്ള സംഘം മര്‍ദിച്ചതായി പരാതി
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്കൂള്‍ വിദ്യാർത്ഥിയെ സഹപാഠി ഉള്‍പ്പടെയുള്ള സംഘം മര്‍ദിച്ചതായി പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് മർദനമേറ്റത്. ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്കി.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ക്ലാസ് ലീഡറുമായ വിദ്യാർത്ഥിയാണ് അക്രമത്തിനിരയായത്. സഹപാഠി സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്കൂളിന് പുറത്ത് വച്ച് മദിച്ചതായാണ് പരാതിയിൽ പറയുന്നത്.
ക്ലാസില്‍ അധ്യാപകനില്ലാത്ത സമയം സംസാരിച്ചതിന് ലീഡർ കൂടിയായ വിദ്യാർത്ഥി സഹപാഠിയുടെ പേരെഴുതി വെച്ചതാണ് പ്രകോപനകാരണം. വെളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആദ്യം മുഖത്തടിക്കുകയും തുടര്‍ന്ന് നിലത്ത് ചവിട്ടി വീഴ്ത്തുകയും ചെയ്ത ശേഷം ശരീരമാസകലം ചവിട്ടി.
സംഭവം പുറത്ത് പറഞ്ഞാല്‍ കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദനമേറ്റ കുട്ടി പറഞ്ഞു. ദേഹമാസകലം വേദന അനുഭവപ്പെട്ടതോടെ വിദ്യാര്‍ത്ഥി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് കാഞ്ഞിരപള്ളി പൊലീസിലും കോട്ടയം ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്