ധാബയില്‍ വച്ച് ഫോട്ടോഷൂട്ടിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ ദൊഡ്ഡബല്ലാപുരയ്ക്കടുത്തുള്ള ധാബയിൽവച്ച് ദീപാവലി ദിനത്തിലാണ് 18കാരനായ സൂര്യ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി സൂര്യയും സുഹൃത്തുക്കളുമെത്തിയ ധാബയില്‍ വെച്ചായിരുന്നു സംഭവം.
ധാബയുടെ പ്രവേശന കവാടത്തില്‍, പെയിന്റിംഗുകള്‍വെച്ച ഒരു ചുവരുണ്ട്. ഫോട്ടോഷൂട്ടിന് ധാരാളം ആളുകള്‍ സാധാരണയായി ഇവിടം സന്ദര്‍ശിക്കാറുണ്ട്. ദീപാവലി ദിനത്തില്‍, സൂര്യയും മൂന്ന് സുഹൃത്തുക്കളും അവിടെ വച്ച് അവരുടെ ഫോട്ടോയെടുക്കുമ്പോള്‍, ധാബയില്‍ ഭക്ഷണം കഴിക്കാനായി മറ്റൊരു സംഘവും അവിടേക്കെത്തി.
സൂര്യയോട് അവരുടെ ഫോട്ടോ കൂടി എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സൂര്യയും സുഹൃത്തുക്കളും ഇത് വിസമ്മതിച്ചെങ്കിലും പിന്നീട് ഫോട്ടോയെടുക്കാമെന്ന് സമ്മതിച്ചു. ഫോട്ടോയെടുത്ത ഉടന്‍ തന്നെ അവ വാട്ട്‌സ്ആപ്പ് വഴി അയച്ചു നല്‍കാന്‍ സംഘം സൂര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍, ക്യാമറയില്‍ എടുത്ത ഫോട്ടോ അയച്ചു നല്‍കണമെങ്കില്‍ അവ ഡൗണ്‍ലോഡ് ചെയ്ത ശേഷം കംപ്യൂട്ടറിലേക്ക് മാറ്റണമെന്നും അതിനുശേഷമേ ഫോണിലേക്ക് അയച്ചു നല്‍കാന്‍ കഴിയുകയുള്ളൂവെന്നും സൂര്യ അവരോട് പറഞ്ഞു. എന്നാല്‍, എത്രയും വേഗം ഫോട്ടോ അയച്ചു നല്‍കാന്‍ സംഘം അവരോട് ആവശ്യപ്പെട്ടു. ഇത് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കി.
തുടര്‍ന്ന് സംഘത്തില്‍പ്പെട്ട ദിലീപ് എന്നയാള്‍ മൂര്‍ച്ചയേറിയ ആയുധം പുറത്തെടുത്ത് സൂര്യയുടെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു വെച്ചു തന്നെ ബോധരഹിതനായ സൂര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു. കൃത്യത്തിനു ശേഷം പ്രതികള്‍ മോട്ടോര്‍ ബൈക്കില്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. ”മരിച്ചയാളുടെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യയെ കുത്തിയ അഞ്ചംഗ സംഘത്തില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്നതിനും അറസ്റ്റു ചെയ്യുന്നതിനുമായുള്ള നടപടി പുരോഗമിക്കുകയാണ്”, ബെംഗളൂരു റൂറല്‍ ഡിസ്ട്രിക്റ്റ് പോലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്‍ദാനി പറഞ്ഞു.