കന്യാകുമാരിയിൽ ഒരു വയസുകാരനെ മദ്യം വായിലൊഴിച്ച് തലയ്ക്ക് മർദിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ
സജ്ജയ കുമാർ
കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈനെയും (32) പൊലീസ് അറസ്റ്റ് ചെയ്യ്തത്.
മത്സ്യത്തൊഴിലാളിയായ ചീനുവാണ് പ്രബിഷയുടെ ഭർത്താവ്. രണ്ടുമക്കളാണ് ഇരുവർക്കുമുള്ളത്. ഇതിനിടയിൽ മുഹമ്മദ് സദാം ഹുസൈനും പ്രബിഷയും പ്രണയത്തിലായി. ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി വഴക്കുണ്ടാവുന്നത് ചീനുവിനും പ്രബിഷയ്ക്കുമിടയിൽ പതിവായിരുന്നു. തുടർന്ന് പ്രബിഷയുടെ ഇളയമകൻ അരിസ്റ്റോ ബ്യൂലനെയും കൂട്ടി മുഹമ്മദ് സദാം ഹുസൈനുമായി നാടുവിടുകയായിരുന്നു.
പ്രബിഷയും കാമുകനായ മുഹമ്മദ് സദാം ഹുസൈനും രാത്രിയിൽ മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നതായി പറയുന്നു. വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് വിശപ്പ് കാരണം എണീറ്റ് കരഞ്ഞു. മദ്യലഹരിയിലായിരുന്ന മുഹമ്മദ് സദാം ഹുസൈൻ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. എന്നിട്ടും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയിൽ മർദിക്കുകയും ചെയ്തു.
മർദനത്തിൽ ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ പ്രബിഷ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മാറി മാറി മുക്കി പിടിച്ചു. കുട്ടിക്ക് ബോധം വരാത്തതിനെ തുടർന്ന് ചികിത്സക്ക് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. പരിശോധിച്ച ഡോക്ടർ കുട്ടി മരിച്ചതായി സ്ഥിതീകരിച്ചു
തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് കൊലപാതകം എന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ ഒരു മണിക്കൂർ നേരം ക്രൂരമായി മർദിച്ച് മദ്യം നൽകിയതാണ് മരണത്തിന് കാരണമെന്ന് ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.