എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടൽ അടപ്പിച്ചു;ഭക്ഷ്യവിഷബാധയ്ക്ക്ആർടിഒയും മകനും ചികിത്സ തേടി


കൊച്ചി: എറണാകുളം ആര്‍.ടി.ഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ പൂട്ടിച്ചു. തൃക്കാക്കര ആര്യാസ് ഹോട്ടലാണ് നഗരസഭ പൂട്ടിച്ചത്. ആര്‍.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവർ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനന്തകൃഷ്ണനും മകനും കാക്കനാട് ടി.വി സെന്‍ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. മസാലദോശയാണ് ഇരുവരും കഴിച്ചത്.

തുടർച്ചയായുള്ള ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആർടിഒയെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുകയായിരുന്നു.

സംഭവം നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലില്‍ നിന്ന് ഭക്ഷണത്തിന്റെ സാംപിള്‍ എടുത്ത് പരിശോധനക്ക് അയച്ചു. ഇതിന്‍റെ ഫലം ലഭ്യമാകുന്നതോടെ തുടർ നടപടികളുണ്ടാകുമെന്ന് നഗരസഭ അറിയിച്ചു.