DNA ഫലം പുറത്ത്; ഗോവയിൽ രണ്ടുവർഷം മുമ്പ് കണ്ടെത്തിയത്​ ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ


കൊച്ചി: 2021ൽ ഗോവയിൽ 2021ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയിൽ നിന്ന് കാണാതായ തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ ജെഫ് ജോൺ ലൂയിസിന്‍റേതെന്ന് (27) ഡിഎൻഎ ഫലം. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ഗോവയിൽ ആ മാസംതന്നെ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

കേസിൽ കോട്ടയം വെള്ളൂർ മേവെള്ളൂർ പെരുംതിട്ട കല്ലുവേലിൽ വീട്ടിൽ അനിൽ ചാക്കോ (28), വയനാട് വൈത്തിരി പരരിക്കുന്ന് മുട്ടിൽ നോർത്ത് ടി വി വിഷ്ണു (25), വെള്ളൂർ കല്ലുവേലിൽ വീട്ടിൽ സ്റ്റെഫിൻ തോമസ് (24), സുൽത്താൻ ബത്തേരി സ്വദേശി താഴമുണ്ട മണിക്കുന്ന് മുത്തപ്പൻ (27), താഴമുണ്ട കേശവൻ (21) എന്നിവർ അറസ്റ്റിലായിരുന്നു. ലഹരി, സാമ്പത്തിക ഇടപാട് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയത്.

ജെഫിനെ കാണാതായി രണ്ടുവര്‍ഷത്തിനു ശേഷമാണ് അന്വേഷണത്തിലൂടെ പൊലീസ് പ്രതികളെ പിടികൂടിയത്. രണ്ടുവര്‍ഷം മുമ്പ്​ ഗോവയിലെ ബീച്ചിന് സമീപത്തെ കുന്നില്‍നിന്ന് കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടർന്ന് അഞ്ജുന പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഡിഎന്‍എ സാമ്പിളുകളും ഫോട്ടോഗ്രാഫുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സൂക്ഷിച്ചശേഷം മൃതദേഹം സംസ്‌കരിച്ചു.

സംഭവത്തിന്‍റെ ചുരുളഴിഞ്ഞതോടെ ജെഫിന്‍റെ മാതാപിതാക്കളുടെ ഡിഎന്‍എ ശേഖരിച്ച് പൊലീസ് പരിശോധനക്ക് അയച്ചിരുന്നു. ബന്ധുക്കളുടെ ഡിഎന്‍എയും മൃതദേഹത്തിന്റെ ഡിഎന്‍എയും ഒന്നുതന്നെയെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെ കുറ്റപത്രം തയാറാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.