ഒരു പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ| One more youth congress worker taken into custody on fake ID card case – News18 Malayalam
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ചെന്ന കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെയാണ് ഒടുവിലായി കസ്റ്റഡിയിലെടുത്തത്.
ഇതോടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം പത്തനംതിട്ട പന്തളം സ്വദേശികളായ അഭി വിക്രം, ബിനിൽ, ഫെനി എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയാണ് അഭി. കെ.എസ്.യു അടൂർ മുൻ മണ്ഡലം പ്രസിഡന്റാണ് ഫെനി. ബിനിൽ കെ.എസ്.യു ഏഴംകുളം മുൻ മണ്ഡലം പ്രസിഡന്റാണ്.
വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
വ്യാജമായി നിർമിച്ച തിരിച്ചറിയൽ കാർഡുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ രേഖാ നിർമാണം സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ഇവരുടെ മൊബൈലുകളിൽ നിന്നും ലാപ്‌ടോപ്പുകളിൽ നിന്നും ഒട്ടേറെ വ്യാജ തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതായും സൂചനയുണ്ട്.
ഇന്നലെ രാത്രി വൈകിയാണ് വികാസ് കൃഷ്ണനെ അറസ്റ്റ് ചെയ്തത്. അഭി വിക്രമിനെ പത്തനംതിട്ടയിൽ നിന്നും മറ്റു രണ്ടുപേരെ തിരുവനന്തപുരത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.