പ്രണയത്തിന്റെ പേരില്‍ സഹോദരിയെ തടാകത്തില്‍ തള്ളിയിട്ടുകൊന്നു: രക്ഷിക്കാനിറങ്ങിയ അമ്മ മുങ്ങി മരിച്ചു


മൈസൂരിനെ നടുക്കി ദുരഭിമാനക്കൊല. ഇതര മതസ്ഥനെ പ്രണയിച്ചെന്ന കാരണത്താൽ സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്. മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ യുവതിയുടെ അമ്മയും മുങ്ങിമരിച്ചു. മൈസുരു ഹുന്‍സൂരിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹിരിക്യതനഹള്ളി സ്വദേശിനിയായ 19 കാരിയായ ധനുശ്രീയും അമ്മ 40 കാരിയായ അനിതയുമാണ് മരിച്ചത്. കേസിൽ പ്രതിയായ സഹോദരൻ നിതിൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായതിന് സഹോദരി ധനുശ്രീയോട് നിതിൻ കടുത്ത ദേഷ്യമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വിഷയത്തിൽ പലതവണ അവളുമായി വഴക്കുണ്ടാക്കുകയും ഓരോ തവണയും മാതാപിതാക്കൾ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയും ചെയ്തു. മുസ്ലീം ആൺകുട്ടിയുമായി ബന്ധം തുടരരുതെന്ന് മാതാപിതാക്കൾ പോലും പെൺകുട്ടിയോട് ഉപദേശിച്ചിരുന്നു. എന്നാൽ, പെൺകുട്ടി ഇത് കേട്ടില്ല. ബന്ധം തുടർന്നു.

ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ നിതിൻ സമീപ ഗ്രാമത്തിലെ ബന്ധുവീടുകളിൽ സന്ദർശനത്തിനെന്ന വ്യാജേന ധനുശ്രീയെയും അമ്മ അനിതയെയും ബൈക്കിൽ കയറ്റുകയായിരുന്നു. മാരൂർ കായലിൽ വാഹനം നിർത്തി. തുടർന്ന് പ്രതി സഹോദരിയെ വലിച്ചിഴച്ച് തടാകത്തിലേക്ക് തള്ളുകയായിരുന്നു. അമ്മ അനിത എതിർത്ത് ധനുശ്രീയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ പ്രതി അവരെയും തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ പ്രതി അമ്മയെ രക്ഷിക്കാൻ ശ്രമം നടത്തി. പക്ഷെ കഴിഞ്ഞില്ല. അനിത മുങ്ങിമരിക്കുകയായിരുന്നു.

നിതിൻ വീട്ടിലേക്ക് മടങ്ങി. നനഞ്ഞ് കുളിച്ച് കരയുന്ന മകനോട് കാര്യം ചോദിച്ചപ്പോൾ നിതിൻ അച്ഛനോട് കുറ്റസമ്മതം നടത്തി. ഏഴു മാസമായി നിതിൻ സഹോദരിയോട് മിണ്ടാറില്ലായിരുന്നുവെന്ന് സതീഷ് പറഞ്ഞു. കുടുംബത്തിന് അപകീർത്തി വരുത്തുന്ന ഒന്നും ചെയ്യില്ലെന്ന് മകൾ തനിക്ക് വാക്ക് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫയർഫോഴ്‌സ് അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് തടാകത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.