വാഷിംഗ്‌ടണ്‍: പിതാവിന്റെ തലയറുത്ത് യൂട്യൂബില്‍ വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റില്‍. 33കാരനായ ജസ്റ്റിൻ മോണ്‍ ആണ് പിതാവ് മൈക്കല്‍ മോണിനെ (68) അതിക്രൂരമായി കൊലപ്പെടുത്തിയത്. അതിനു ശേഷമാണ് വീഡിയോ പങ്കുവച്ചത്. അമേരിക്കയിലെ പെൻസില്‍വാനിയയിലാണ് സംഭവം.
തലയില്ലാത്ത മൃതദേഹം കണ്ടതിനെ തുടർന്ന് മൈക്കലിന്റെ ഭാര്യയാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവദിവസം പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് മൈക്കലിന്റെ ഭാര്യ കൊലപാതകത്തെക്കുറിച്ച് അരിഞ്ഞത്. മൈക്കിളിന്‍റെ മൃതദേഹം ബാത്‍റൂമില്‍ തലയില്ലാതെ കിടക്കുന്നത് കണ്ടു. ബാത്ത് ടബ്ബില്‍ വെട്ടുകത്തിയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും ലഭിച്ചു. ഉടൻ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നാം നിലയിലുള്ള കിടപ്പുമുറിയില്‍ നിന്ന് പാചകം ചെയ്യുന്ന പാത്രത്തിനുള്ളില്‍ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വച്ചിരുന്ന മൈക്കലിന്റെ തല പൊലീസ് കണ്ടെടുത്തു. കിടപ്പുമുറിയിലും മേശക്കരികിലും ചവറ്റുകുട്ടയിലുമായി രക്തം കലർന്ന റബ്ബർ കയ്യുറകളും ഉണ്ടായിരുന്നു.
read also: ‘സഹകരിച്ചാല്‍ മതി, ഫീസ് വേണ്ട’: അഡ്വ. ആളൂരിനെതിരെയുള്ള പരാതിയിൽ കൂടുതല്‍ വിവരങ്ങള്‍, യുവതിയുടെ മൊഴി പുറത്ത്
പിതാവിനെ കൊലപ്പെടുത്തിയ ശേഷം ജസ്റ്റിൻ പുറത്തു പോയി. കൊലപാതകത്തിന്റെ വീഡിയോ ജസ്റ്റിൻ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. 20 വർഷത്തിലേറെയായി ഫെഡറല്‍ ജീവനക്കാരനായിരുന്ന തന്റെ പിതാവ് രാജ്യദ്രോഹിയാണെന്ന് പറഞ്ഞുകൊണ്ട് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ നിന്നും രക്തം പുരണ്ട തല ഇയാള്‍ ഉയർത്തിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.