ഭോപ്പാൽ: മകൾ നൽകിയ വ്യാജ പീഡന പരാതി മൂലം നിരപരാധിയായ ഒരച്ഛൻ ജയിലിൽ കഴിഞ്ഞത് 11 വർഷം. കേൾക്കുമ്പോൾ സിനിമ പോലെ തോന്നാം. എന്നാൽ, യാഥാർഥ്യത്തിൽ സംഭവിച്ചതാണിത്. കാമുകന്റെ പ്രേരണയിലാണ് പെൺകുട്ടി സ്വന്തം അച്ഛനെതിരെ വ്യാജ പീഡന പരാതി നൽകിയത്. ഒടുവിൽ മധ്യപ്രദേശ് ഹൈക്കോടതി ഇയാളെ കഴിഞ്ഞ മാസം വെറുതെ വിട്ടു. പെൺകുട്ടി അച്ഛനെതിരെ 2012 -ലാണ് കാമുകന്റെ നിർദേശപ്രകാരം വ്യാജപീഡന പരാതി നൽകിയത്.
മകളെ അച്ഛൻ നേരത്തെ കാമുകനൊപ്പം കണ്ടിരുന്നു. തുടർന്ന് ഇയാൾ ഇക്കാര്യം പറഞ്ഞ് മകളെ ശകാരിച്ചു. മകൾ ഇക്കാര്യം കാമുകനോടും പറഞ്ഞു. കാമുകനാണ് അച്ഛനെതിരെ പീഡന പരാതി നൽകാൻ ആവശ്യപ്പെട്ടത്. പരാതി നൽകിയാൽ അച്ഛൻ പിന്നെ തങ്ങളുടെ ബന്ധത്തിൽ ഇടപെടാനോ ശകാരിക്കാനോ വരില്ലെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പരാതി നൽകാൻ പ്രേരിപ്പിച്ചത്. ഒടുവിൽ കാമുകൻ പറഞ്ഞത് പോലെ പെൺകുട്ടി കേട്ടു.
2012 മാർച്ച് 18 -ന് രാത്രി അത്താഴത്തിന് ശേഷം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി പരാതി നൽകി. അന്ന് രാത്രി അമ്മ വീട്ടിലില്ലായിരുന്നു. സംഭവം അമ്മയടക്കം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് അച്ഛൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാർച്ച് 20 -ന് അച്ഛൻ വീണ്ടും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ആയിരുന്നു പെൺകുട്ടി നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. ആ സമയത്ത് താൻ ഓടിപ്പോയി മുത്തച്ഛനോട് കാര്യം പറയുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.
പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് അച്ഛൻ അറസ്റ്റ് ചെയ്യപ്പെടുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ വിധിക്കെതിരെ ഇയാൾ അപ്പീൽ നൽകി. മകളെ അച്ഛൻ പീഡിപ്പിച്ചു എന്ന് തെളിയിക്കാൻ കോടതിക്ക് സാധിച്ചില്ല. അവസാനം അച്ഛൻ പീഡിപ്പിച്ചിട്ടില്ല എന്നും തന്റെ കാമുകനുമായി മാത്രമാണ് തനിക്ക് ശാരീരികബന്ധം ഉണ്ടായിരുന്നത് എന്നും പെൺകുട്ടി തന്നെ പറയുകയായിരുന്നു. അച്ഛനെതിരെ പീഡന പരാതി നൽകിയത് കാമുകന്റെ നിർദേശ പ്രകാരമാണെന്നും അവൾ സമ്മതിച്ചു.




