വിദ്യാർഥിനിയെ കടന്നുപിടിച്ചു: കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സി.പി.എം പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെ പരാതി
കൊച്ചി: കുസാറ്റ് കളമശ്ശേരി കാംപസിൽ നടക്കുന്ന സർഗം കലോത്സവ പരിപാടിക്കിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചു. കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സി.പി.എം സർവീസ് സംഘടനാ പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെയാണ് പെൺകുട്ടി ലൈംഗിക പീഡന പരാതി നൽകിയത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ നിലവിളക്ക് എടുക്കാനായി ഗ്രീൻ റൂമിലെത്തിയ വിദ്യാർഥിനിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ച പെൺകുട്ടിയെ ശബ്ദം കേട്ട് ഓടിയെത്തിയവരാണ് പുറത്തെത്തിച്ചത്.
ചുമട്ടു തൊഴിലാളി യൂണിയൻ നേതാവിന്റെ മകളാണ് ഈ വിദ്യാർഥിനി.അക്രമിയായ ഉദ്യോഗസ്ഥനെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ പുലർച്ചെ കോളേജിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ശനിയാഴ്ച രാവിലെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു. ചെടിച്ചട്ടികൊണ്ട് മർദനമേറ്റ ഇയാളുടെ കണ്ണടയും പൊട്ടി.
വി.സിയും രജിസ്ട്രാറുമെല്ലാം സംഭവം അറിഞ്ഞെങ്കിലും കേസില്ലാതെ ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനിടെ, പെൺകുട്ടിയുടെ കുടുംബം സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി.