കൊച്ചി: കോതമംഗലത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസിന്റെ നിഗമനം. സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിലാണ്. ഇവരെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, വൈരുദ്ധ്യങ്ങൾ നിലനിന്നതോടെയാണ് ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. മോഷണത്തിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോതമംഗലം സ്വദേശിയും വീട്ടമ്മയുമായ സാറാമ്മയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സാറാമ്മ കൊല ചെയ്യപ്പെടുന്ന സമയത്ത് തങ്ങൾ സംഭവസ്ഥലത്ത് ഇല്ലെന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന് മൊഴി നൽകിയിട്ടുള്ളത്. ഇത് സ്ഥിരീകരിക്കുന്നതിനായി മൂന്ന് പേരുടെയും മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള രേഖകൾ ഉടൻ ശേഖരിക്കുന്നതാണ്. ഇതിന് പുറമേ, മറ്റ് സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. സാറാമ്മയെ വീടിനുള്ളിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിലെത്തിയ മരുമകൾ സിഞ്ജുവാണ് രക്തം വാർന്ന നിലയിൽ സാറാമ്മയെ കണ്ടത്. സാറാമ്മയുടെ കഴുത്തിനാണ് വെട്ടേറ്റിരിക്കുന്നത്.