മഹാരാഷ്ട്രയിൽ വീടിന് തീയിട്ട് കർഷകൻ. ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും മുറിയിലിട്ട് പൂട്ടിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു. പിംപൽഗാവ് ലാൻഡ്ഗ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. കർഷകനായ സുനിൽ ലാൻഡയാണ് വീടിന് തീവെച്ചത്. ഭാര്യ ലളിത (35), മക്കളായ സാക്ഷി (14), ഖുഷി (1) എന്നിവരാണ് വെന്തുമരിച്ചത്.
പ്രതിയായ സുനിൽ ലാൻഡയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് ഭാര്യയിൽ സംശയമുണ്ടെന്നും പതിവായി ഉപദ്രവിക്കാറുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു. ഇതിനെ തുടർന്നാണ് മൂന്ന് പേരെയും വീട്ടിൽ പൂട്ടിയശേഷം സുനിൽ ജനലിലൂടെ പെട്രോൾ ഒഴിച്ച് വീടിന് തീയിട്ടത്. അകത്തു കുടുങ്ങിയ സ്ത്രീയുടെയും കുട്ടികളുടെയും നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. അതേസമയം, സുനിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല. വീടിന് തീ കൊളുത്തിയ ശേഷം പോലീസ് വരുന്നതുവരെ അപകടസ്ഥലത്ത് തന്നെ നിൽക്കുകയായിരുന്നു.