ഐടി കമ്പനികളുടെ സമീപത്തുള്ള ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലാപ്ടോപ്പ് മോഷണം; 29-കാരി പിടിയിൽ


ബെംഗളൂരു: ഐടി കമ്പനികൾക്ക് സമീപമുള്ള പേയിംഗ് ഗസ്റ്റ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന യുവതി പിടിയിൽ. ഹോസ്റ്റലുകളിൽ നിന്ന് ലാപ്ടോപ്പുകളാണ് യുവതി മോഷ്ടിച്ചത്. രാജസ്ഥാൻ സ്വദേശിയും സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയുമായിരുന്ന ജാസു അഗർവാൾ (29) ആണ് പോലീസിന്റെ പിടിയിലായത്. യുവതിയുടെ പക്കൽ നിന്ന് 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 24 ലാപ്ടോപ്പുകൾ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ലാപ്ടോപ്പ് മോഷണമാണ് യുവതിയുടെ പ്രധാന തൊഴിൽ.

ഐടി കമ്പനികൾക്ക് സമീപത്തുള്ള ഹോസ്റ്റലുകളിലെ താമസക്കാരിൽ ലാപ്ടോപ്പുകൾ ഉണ്ടാകുന്നത് പതിവാണ്. അതിനാലാണ് ഇത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നത്. മാറാത്തഹള്ളി, ടിൻ ഫാക്ടറി, ബെല്ലന്ദൂർ, വൈറ്റ്ഫീൽഡ്, സിൽക്ക് ബോർഡ്, മഹാദേവ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം യുവതി ലാപ്ടോപ്പ് മോഷ്ടിച്ചിട്ടുണ്ട്. ഇവയിൽ പലതും മാറത്തഹളളിയിലെയും ഹെബ്ബാളിലെയും കടകളിലാണ് മറിച്ചു വിറ്റിരുന്നത്. കോവിഡ് കാലത്ത് ഐടി ജോലി നഷ്ടമായതിന് പിന്നാലെയാണ് ലാപ്ടോപ്പ് മോഷണത്തിലേക്ക് തിരിഞ്ഞത്. ഹോസ്റ്റലുകളിൽ ആളുകൾ ഇല്ലാത്ത സമയം നോക്കിയാണ് മോഷണം നടത്തിയിരുന്നത്.