11 പോരാ 21 ലക്ഷം വേണം, എസ്‌യുവിക്ക് പകരം ടൊയോട്ട ഫോർച്യൂണർ: സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് യുവതിയെ കൊലപ്പെടുത്തി


നോയിഡ: സ്ത്രീധനമായി ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും നല്കിയില്ലെന്നാരോപിച്ച് യുവതിയെ കൊലപ്പെടുത്തി ഭർത്താവും ഭർതൃകുടുംബവും. ഉത്തർപ്രദേശ് നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്‌മയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കരിഷ്‌മ വീട്ടിൽ വിളിച്ച് ഭർത്താവ് വികാസും അയാളുടെ കുടുംബവും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ തന്നെ മർദ്ദിച്ചതായി പറഞ്ഞിരുന്നു. പിന്നാലെ യുവതിയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ കരിഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

2022 ഡിസംബറിലാണ്‌ ചൗഗൻപൂർ ഗ്രാമത്തിലേക്ക് വികാസ് കരിഷ്മയെ വിവാഹം ചെയ്തത്. വിവാഹ സമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‌യുവി കാറും സ്ത്രീധനമായി നൽകിയിരുന്നതായി കരിഷ്‌മയുടെ സഹോദരൻ ദീപക് പറഞ്ഞു. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്-3-ലെ ഖേദ ചൗഗൻപൂർ ഗ്രാമത്തിൽ വികാസിൻ്റെ കുടുംബത്തോടൊപ്പമായിരുന്നു കരിഷ്മ കഴിഞ്ഞിരുന്നത്. വിവാഹശേഷം വികാസിൻ്റെ കുടുംബം കരിഷ്മയോട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും അവളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തു.

ഇതിനിടെ കരിഷ്മ ഒരു പെൺകുട്ടിക്ക് ജന്മം നൽകി. പിന്നാലെ പീഡനം കൂടുതൽ വഷളായി. വികാസിൻ്റെ ഗ്രാമത്തിലെ നിരവധി പഞ്ചായത്ത് മീറ്റിംഗുകളിലൂടെ രണ്ട് കുടുംബങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. തുടർന്ന് ഒത്തുതീർപ്പിനായി കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ കൂടി കുടുംബത്തിന് നൽകിയെങ്കിലും പീഡനം അവസാനിച്ചില്ലെന്ന് കരിഷ്മയുടെ സഹോദരൻ ദീപക് ആരോപിച്ചു. വികാസിൻ്റെ കുടുംബം അടുത്തിടെ ഒരു ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും വേണമെന്ന് അടുത്തിടെ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് വഴക്കുണ്ടായത്.

അതേസമയം, വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ, അനിൽ എന്നിവർക്കെതിരെ സ്ത്രീധനത്തിനായുള്ള കൊലപാതകത്തിന് കേസെടുത്തു. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് വികാസും പിതാവും അറസ്റ്റിലായത്.