പൊന്നിയിൻ സെൽവൻ 2 ട്രെയ്‌ലറിന് ഗംഭീര വരവേൽപ്പ്

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍ 2’. ഈ വര്‍ഷം ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഒന്നാം ഭാഗത്തില്‍ ഐശ്വര്യ റായ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ ഊമയായ കഥാപാത്രം ആരാണെന്നത് ട്രെയ്‌ലറില്‍ വ്യക്തമാക്കുന്നുണ്ട്. നന്ദിനിയായി എത്തിയ ഐശ്വര്യ റായ്ക്ക് ചോളരാജവംശത്തിനോടുള്ള പകയും പ്രതികാരവുമാണ് രണ്ടാം ഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കരികാലനായി അഭിനയിച്ച വിക്രത്തെ കൊല്ലാനായി നന്ദിനി മുന്നിട്ടിറങ്ങുന്നുണ്ട്. യുദ്ധവും പ്രണയവും വൈരാഗ്യവും നിറഞ്ഞ രണ്ടാം ഭാഗത്തിനായി  ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം ‘ അകമലര്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. റഫീക്ക് അഹമ്മദ് രചിച്ച് ശക്തിശ്രീ ഗോപാലന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.

മണിരത്‌നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ വിന്റെ ട്രെയിലർ റിലീസായി. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏപ്രിൽ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവനിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യഭാഗം വമ്പൻ ഹിറ്റായതിനാൽ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

എ.ആർ റഹ്മാന്റെ സംഗീതവും രവി വർമ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിൻ സെൽവ’നിലെ ആകർഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമിക്കുന്ന ‘പൊന്നിയിൻ സെൽവൻ-2’ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും.