ആ രംഗങ്ങള്‍ യോജിക്കാത്തതിനാല്‍ ഞാനത് ഡിലീറ്റ് ചെയ്തു, നിങ്ങള്‍ കണ്ട ‘ഗോള്‍ഡ്’ എന്റെ ഗോള്‍ഡ് അല്ല: അല്‍ഫോണ്‍സ് പുത്രൻ


പ്രേക്ഷകര്‍ കണ്ട ‘ഗോള്‍ഡ്’ തന്റെ ഗോള്‍ഡ് അല്ലെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ. ലിസ്റ്റിൻ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരംഭത്തിലേക്ക് തന്റെ ലോഗോ ചേര്‍ത്തതാണ് ആ സിനിമ എന്ന് അൽഫോൻസ് പുത്രൻ പറഞ്ഞു. .

ഗോള്‍ഡ് ചെയ്യുന്ന സമയത്ത് തനിക്ക് ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചിരുന്നുവെന്നും ചിത്രത്തിന് വേണ്ടി കൈതപ്രം എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് തനിക്ക് ചിത്രീകരിക്കാനായില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ ‘പ്രേമ’ത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിടാമോയെന്ന ആരാധകന്റെ കമന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

READ ALSO: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി പിരിവെടുക്കൽ: വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

‘ഞാൻ എഴുതിയ ജോര്‍ജ്ജ് എന്ന കഥാപാത്രവുമായി ആ രംഗങ്ങള്‍ യോജിക്കാത്തതിനാല്‍ ഞാനത് ഡിലീറ്റ് ചെയ്തു. തിരക്കഥയുമായി ജോര്‍ജ്ജ് യോജിച്ചില്ലെങ്കില്‍ മലരും യോജിക്കില്ല. ഇക്കാര്യം ഇനിയെന്നോട് ചോദിക്കരുത്, കാരണം ഞാൻ തിരക്കഥയെ ബഹുമാനിക്കുന്നു. പിന്നെ നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡ് അല്ല. കോവിഡ് സമയത്ത് ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരംഭത്തിലേക്ക് എന്റെ ലോഗോ ഞാൻ ചേര്‍ത്തതാണ്. കൈതപ്രം സാര്‍ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ചിത്രീകരണത്തിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നടന്നില്ല. അതുപോലെതന്നെ പല ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചത് മുതല്‍ ഞാൻ മെഡിറ്റേഷനിലായിരുന്നു. തിരക്കഥ എഴുതാനും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും ചെയ്യാനും മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ ‘ഗോള്‍ഡ്’ മറന്നേക്കൂ’- അല്‍ഫോണ്‍സ് കുറിച്ചു.