‘ആർ.ആർ.ആർ’ ഹിന്ദുത്വ വർഗീയതയെ പിന്താങ്ങുന്ന ചിത്രം: ഗായത്രി വർഷ


രാജമൌലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന സിനിമയെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി വർഷ. ഭൂരിപക്ഷ വർഗീയതയായ ഹിന്ദുത്വത്തെ പിന്താങ്ങുന്നതാണ് ഈ ചിത്രമെന്നാണ് ഗായത്രി ആരോപിക്കുന്നത്. ഒപ്പം ജൂൺ ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തെയും നടി വിമർശിക്കുന്നു. ന്യൂനപക്ഷ വർഗീയതയെ ആണ് ചിത്രം പിന്താങ്ങുന്നതെന്നാണ് ഗായത്രി പറയുന്നത്. സൈന സൌത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആർ.ആർ.ആർ ഹിന്ദു വർഗീയ വാദം അല്ലെങ്കിൽ രാഷ്ട്ര വാദത്തെ ആ ഒരു രീതിയിൽ സപ്പോർട്ട് ചെയ്യുന്ന സിനിമയാണ്. സിനിമയുടെ അവസാനം രാമൻ വരുന്നു എന്നത് കൊണ്ട് അങ്ങനെ അതിനെ കാണാം. അതുപോലെ 2018 എന്ന സിനിമയും വളരെ കൃത്യമായി ഒരു ന്യൂനപക്ഷ വർഗീയതയെ പിന്താങ്ങി കൊണ്ട് ഇവിടെ ഉള്ള ഒരാൾ എടുത്ത സിനിമയാണ്. ഇത് രണ്ടും എങ്ങനെയാണ് ഒരുപോലെ തുലനം ചെയ്യുന്നത് എന്നാണ് നോക്കേണ്ടത്.

ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും അല്ലെങ്കിൽ ന്യൂനപക്ഷ വർഗീയതയുള്ള ഒരാളിലേക്ക് കടത്തുന്ന വിശ്വാസപ്രമാണങ്ങൾ ആണെങ്കിലും അതിനൊരു ബ്രെയിൻ വാഷ് ഉണ്ടിവിടെ. നമ്മളെ വിശ്വാസങ്ങളിലേക്ക് എല്ലാം ചേർത്തുവെക്കുമ്പോൾ മനുഷ്യന്റെ തലച്ചോറ് സ്വയം ചിന്തിക്കാത്തതാവും. അപ്പോൾ സ്വന്തം വിശ്വാസത്തിൽ അല്ലെങ്കിൽ ആത്മബോധത്തിൽ നിൽക്കാത്തവരാവും. അതുകൊണ്ടാണ് സംഘി, ക്രിസംഘി പോലുള്ള യൂണിയനുകൾ വരുന്നത്.

ഭരിക്കുന്ന സമയത്ത് ഇവിടെ എല്ലാവരെയും ന്യായീകരിക്കേണ്ട ചിലയിടങ്ങൾ ഒക്കെയുണ്ട്. 2025 ൽ ഹിന്ദു രാഷ്ട്രം വരുമെന്ന് പറയുമ്പോഴും ഇപ്പോൾ ഇവിടെ ജീവിക്കുന്ന ആളുകളുടെ വോട്ടും അതിൽ പ്രധാനപ്പെട്ടതാണ്. അവരുടെ മാത്രം വോട്ട് കിട്ടിയാൽ നേടുന്നതല്ല ഭരണം. മറ്റുള്ളവരുടെ വോട്ടും കൂടെ വേണം. കേരളം പോലൊരു പ്രാദേശിക മറ്റ് ന്യൂനപക്ഷ സ്വാധീനങ്ങളുള്ള ഇടങ്ങളിൽ നിന്ന് വോട്ട് വേണമെങ്കിൽ 2018 പോലുള്ള സിനിമകളെ പ്രൊമോട്ട് ചെയ്യാം. എന്നെ കേൾക്കുന്നവർക്ക് അത് മനസിലാവാത്തത് സാംസ്കാരിക നയത്തിന്റെ രഹസ്യം അറിയാത്തത് കൊണ്ടാണ്. അത് സിനിമകൾ എടുത്ത് പറയുന്നുണ്ട്’, ഗായത്രി വർഷ പറയുന്നു.