‘ഒരുപാട് അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്, രഞ്ജിത്ത് എന്താണ് ഇങ്ങനെയെന്ന് അറിയില്ല; പ്രതികരിച്ച് ഭീമന്‍ രഘു


ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ പുതിയ അഭിമുഖം വിവാദമാവുകയാണ്. നടൻ ഭീമൻ രഘുവിനെതിരെ അധിക്ഷേപകരമായ പരാമർശമായിരുന്നു രഞ്ജിത്ത് നടത്തിയത്. ഭീമൻ രഘു ഒരു മണ്ടനും കോമാളിയും ആണെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഇപ്പോഴിതാ, തനിക്കെതിരെ നടത്തിയ അധിക്ഷേപ പരമാര്‍ശത്തോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഭീമന്‍ രഘു. സിനിമയില്‍ ഒരുപാട് അധിക്ഷേപങ്ങള്‍ താന്‍ അനുഭവിച്ചതാണ്. അതുകൊണ്ട് ഇപ്പോള്‍ ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ല എന്നാണ് രഘു മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചിരിക്കുന്നത്.

‘എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. രഞ്ജിത്തിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. മിടുക്കനാണ്, മിടുമിടുക്കനാണ്. എന്നാല്‍ എന്നെ കുറിച്ച് എന്താണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍ എന്നറിയില്ല. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്’, എന്നാണ് ഭീമന്‍ രഘു പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘുവിനെ അധിക്ഷേപിക്കുന്ന തരത്തില്‍ രഞ്ജിത്ത് സംസാരിച്ചത്. തങ്ങള്‍ ഒക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമന്‍ രഘു എന്നാണ് രഞ്ജിത്ത് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നതിനെ കുറിച്ച് പറഞ്ഞായിരുന്നു രഞ്ജിത്ത് സംസാരിച്ചത്.