‘അവരെ കൊന്നത് പോലെ വിജയകാന്തിനെയും കൊന്നു, അടുത്തത് സ്റ്റാലിൻ?’: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് അൽഫോൺസ് പുത്രൻ


സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സംവിധായകനാണ് അൽഫോൺസ് പുത്രൻ. അൽഫോൻസ് പുത്രന്റെ പോസ്റ്റുകൾ പലതും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഉദയനിധി സ്റ്റാലിന് വേണ്ടി അൽഫോൻസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അന്തരിച്ച നടൻ വിജയകാന്തിന്റെ കൊലയാളി ആരാണെന്ന് കണ്ടത്തെണമെന്നും ഇല്ലെങ്കിൽ അവരുടെ അടുത്ത ലക്ഷ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനോ ഉദയനിധി സ്റ്റാലിനോ ആയിരിക്കുമെന്നും അൽഫോൻസ് പുത്രൻ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കലൈഞ്ജറെയും ജയലളിതയെയും കൊന്നതുപോലെ വിജയകാന്തിനെയും കൊന്നു എന്നാണ് അൽഫോൺസ് പറയുന്നത്. ഇത് അവഗണിക്കുകയാണെങ്കിൽ അടുത്തതായി അവർ ലക്ഷ്യം വെക്കാൻ പോവുന്നത് സ്റ്റാലിനെയോ അദ്ദേഹത്തിന്റെ മകനായ ഉദയനിധിയെയോ ആയിരിക്കുമെന്നും സംവിധായകൻ ചൂണ്ടിക്കാട്ടുന്നു.

അൽഫോൺസ് പുത്രന്റെ കുറിപ്പ് ഇങ്ങനെ;

‘ഇത് ഉദയനിധി അണ്ണന് വേണ്ടിയാണ്. ഞാൻ കേരളത്തിൽ നിന്ന് വന്ന് റെഡ് ജയന്റ് ഓഫീസിൽ ഇരുന്ന് നിങ്ങളോട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പറഞ്ഞു. ഉരുക്കുവനിത ജയലളിതയെയും, കലൈഞ്ജറെയും കൊന്നത് ആരാണെന്ന് കണ്ടെത്തണമെന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടു. ഇനി ആരാണ് ക്യാപ്റ്റൻ വിജയകാന്തിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തണം. നിങ്ങൾ ഇത് അവഗണിക്കുകയാണെങ്കിൽ, അവർ ഇന്ത്യൻ 2 സെറ്റിൽ വച്ച് സ്റ്റാലിൻ സാറിനെയും കമൽ സാറിനെയും കൊല്ലാൻ ശ്രമിച്ചു. നിങ്ങൾ ഇപ്പോൾ കൊലയാളികളുടെ പുറകെ പോകുന്നില്ലെങ്കിൽ, കൊലയാളികളുടെ അടുത്ത ലക്ഷ്യം നിങ്ങളോ സ്റ്റാലിനോ ആണ്. നേരം ഹിറ്റായതിന് എനിക്ക് ഒരു സമ്മാനം നൽകിയത് നിങ്ങൾ ഓർക്കുന്നോ. നിങ്ങൾ ഒരു ഐഫോൺ സെന്ററിലേക്ക് വിളിച്ചു,15 മിനിറ്റിനുള്ളിൽ എനിക്ക് ഒരു ബ്ലാക്ക് കളർ ഐഫോൺ ലഭിച്ചു. ഉദയനിധി അണ്ണൻ അത് ഓർക്കുമെന്ന് കരുതുന്നു. കൊലയാളികളെയും അവരുടെ ലക്ഷ്യത്തെയും കണ്ടെത്തുന്നത് അതിലും ലളിതമാണ്’, അൽഫോൺസ് കുറിച്ചു.

അതേസമയം, കൊവിഡ് ബാധിതനായ വിജയകാന്ത് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഡികെ അറിയിച്ചത്. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.