2023 – നിരാശപ്പെടുത്തിയ മലയാള സിനിമ, വിജയം കൊയ്ത് മമ്മൂട്ടി, കോടികൾ കൊയ്ത് അന്യഭാഷാ ചിത്രങ്ങൾ


ഏറ്റവും കൂടുതൽ മോശം സിനിമകൾ റിലീസ് ആയ വർഷമാണ് 2023.നൂറിലധികം ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ട 2023ൽ തുടർച്ചയായി ഹിറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞത് മമ്മൂട്ടിയ്ക്ക് മാത്രമാണ്.

മലവെള്ളം പോലെ വന്ന മലയാള സിനിമകളിൽ മികച്ചത് എന്ന് തോന്നിയവ നന്പകൽ നേരത്ത് മയക്കം, ഇരട്ട, 2018, കണ്ണൂർ സ്‌ക്വാഡ്, നേര്, ഗരുഡൻ, നെയ്യ്മർ, പുരുഷ പ്രേതം, ആർ ഡി എക്സ് , മധുരമനോഹരമോഹനം, കാതൽ , ഫാലിമി , ശേഷം മൈക്കിൽ ഫാത്തിമ, ആന്റണി, രോമാഞ്ചം എന്നിവയാണ്.

READ ALSO: ക്ഷേത്രത്തിന്റെ പുറത്ത് നിന്ന് തൊഴാൻ പാടുണ്ടോ?

വ്യത്യസ്തങ്ങളായ സിനിമകളുമായി വിപണിയിൽ വിജയം ഉറപ്പിച്ച താരം മമ്മൂട്ടിയാണെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. കണ്ണൂർസ്‌ക്വാഡ് പോലൊരു സിനിമ ഹിറ്റാക്കിയ മമ്മൂട്ടി തന്നെ സ്വവർഗ പ്രണയം പ്രമേയമായ കാതലിനെയും വിജയത്തിൽ എത്തിച്ചു. വിജയ ചിത്രങ്ങൾ ഇല്ലാതെ നിരന്തരം പരിഹാസങ്ങൾ കേൾക്കേണ്ടിവന്ന മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ നേര് എന്ന സിനിമ ആശ്വാസ വിജയമാണ് സമ്മാനിച്ചത്. ഗരുഡനിലൂടെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും തന്റെ സാന്നിധ്യം അറിയിച്ചു.

എന്നാൽ, വൻ ഹൈപ്പിൽ എത്തിയ കിംഗ് ഓഫ് കൊത്ത പോലെയുള്ള ചിത്രങ്ങൾ വലിയ പരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോൾ ചെറിയ താരങ്ങളുമായെത്തി വലിയ വിജയങ്ങൾ നേടിയവയാണ് ആർ ഡി എക്സ് , മധുരമനോഹരമോഹനം, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങൾ.

മുൻവർഷങ്ങളിലേതു പോലെ വിരലിലെണ്ണാവുന്ന സൂപ്പർ ഹിറ്റുകളും ആവറേജ് ഹിറ്റുകളുമായി ഒരു വർഷം കടന്നുപോകുമ്പോൾ എന്തിനായിരുന്നു ഇത്രയധികം സിനിമകൾ എന്ന ആലോചനയാണ് ഉണ്ടാകുന്നത്. പ്രേക്ഷകരെ ആനന്ദിപ്പിക്കുക, വിജയങ്ങൾ നേടുക എന്നീ ലക്ഷ്യങ്ങളിൽ മലയാള സിനിമ വൻ പരാജയമായി മാറുന്ന വർഷമായിരുന്നു 2023. സ്വന്തം ഭാഷയിലെ ചിത്രങ്ങൾ പരാജയങ്ങൾ മാത്രമാകുമ്പോൾ മലയാളികൾ ഈ കൊല്ലം ഏറ്റവും കൂടുതൽ ആഘോഷിച്ചത് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളെയിരുന്നു. ജയിലർ, ലിയോ, സലാർ, ജവാൻ തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ മികച്ച കളക്ഷനുകളാണ് നേടിയതെന്ന് ഓർക്കുക.

പ്രമേയത്തിലോ സാങ്കേതികപരിചേരണത്തിലോ പുതുമകളൊന്നും സമ്മാനിക്കാതെ എന്തിനോ വേണ്ടി പടച്ചുവിടുന്ന തട്ടിക്കൂട്ട് ചിത്രങ്ങളുടെ ബഹളമായിരുന്നു മലയാളത്തിൽ അധികവും എന്ന വസ്തുത വേദനിപ്പിക്കുന്നതാണ്. ഇതൊക്കെ ആർക്ക് വേണ്ടിയാണ് എടുക്കുന്നത് എന്ന് സംവിധായകനും നിർമാതാവിനും പോലും നിശ്ചയമില്ല. 2024 മലയാള സിനിമയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കട്ടെയെന്നു ആശംസിക്കുന്നു.