ഒരുകാലത്ത് മലയാളത്തിന്റെ റൊമാന്റിക് താരമായിരുന്നു റഹ്‌മാൻ. ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് താരം. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മഴവില്‍കൂടാരം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും റഹ്‌മാൻ പിണങ്ങിപ്പോയതിനെക്കുറിച്ച് താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പങ്കുവച്ചതാണ്. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇടവേള ബാബു ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് പറഞ്ഞത്.
read also: ‘നടന്റെ മകൻ ഉൾപ്പെട്ടിട്ടുണ്ട്, മരണത്തിനു മുൻപ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്’: മിഷേലിന് നീതി തേടി മാതാപിതാക്കൾ
ഇടവേള ബാബുവിന്റെ വാക്കുകൾ ഇങ്ങനെ,
‘അന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലാണ് ഷൂട്ട്. രണ്ടായിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്ളൊരു സെറ്റാണ്. ഭയങ്കര ഹെവി സെറ്റപ്പാണ്. പി സുകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. സിദ്ദിഖ് ഷമീര്‍ ആയിരുന്നു സംവിധാനം. ചെറിയൊരു കാര്യത്തിന്റെ പേരില്‍ റഹ്‌മാന്‍ വഴക്ക് കൂടി. വഴക്ക് എന്ന് പറഞ്ഞാല്‍ ഭയങ്കര വഴക്ക്. അന്ന് തൃശൂര്‍ ആണ് റഹ്‌മാന്റെ താമസം. വേഗം കാര്‍ എടുക്കാന്‍ പറഞ്ഞു, റഹ്‌മാന്‍ കാറില്‍ കയറി തൃശൂര്‍ക്ക് പോയി. സുകുമാറും ഡയറക്ടറും എല്ലാം എന്നെ നോക്കി. എന്ത് ചെയ്യണമെന്ന് ആര്‍ക്കും ഒരു പിടിയില്ല. ഞാന്‍ നേരെ ഒരു വണ്ടിയെടുത്ത് പിന്നാലെ പോയി. അവിടെ ചെന്നപ്പോള്‍ റഹ്‌മാന്‍ വളരെ ദേഷ്യത്തിലാണ്. ഞാന്‍ റഹ്‌മാനോട് സംസാരിച്ചു.
‘ഇന്ന് ഷൂട്ടിംഗ് മുടങ്ങി പോകുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. മറ്റൊന്ന് ആലോചിക്കണ്ട. അവിടെ വന്നേക്കുന്ന രണ്ടായിരം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് മാത്രം ഓര്‍ത്താല്‍ മതി. നാളെ അമ്മയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാമല്ലോ എന്നൊക്കെ ഓര്‍ത്ത് അതിനുള്ള പൈസയ്ക്കായി വന്നിട്ടുള്ളവര്‍ ആയിരിക്കും അതില്‍ ചിലരെങ്കിലും. അതുകൊണ്ട് കുട്ടിയുടെ ഫീസ് അടക്കാമെന്ന് ചിന്തിക്കുന്നവരുണ്ടാകും. അങ്ങനെ നൂറ് കൂട്ടം കാര്യങ്ങള്‍ ചിന്തിച്ചിട്ടാകും പലരും അവിടെ വന്നിരിക്കുന്നത്. റഹ്‌മാന്‍ കാരണം ഷൂട്ട് മുടങ്ങിയാല്‍ മനസുകൊണ്ട് രണ്ടായിരം പേര്‍ ശപിക്കും. ആ ശാപം വേണോ’ എന്ന് ഞാന്‍ ചോദിച്ചു.
അപ്പോള്‍ റഹ്‌മാന്‍ ഒന്ന് ചിന്തിച്ചു. എല്ലാ പ്രശ്‌നങ്ങളും ഞാന്‍ തീര്‍ത്തു തരാം എന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോയി. അവര്‍ മാപ്പ് പറയണം എന്നായിരുന്നു റഹ്‌മാന്റെ കണ്ടീഷന്‍. എന്നാല്‍ അവിടെ ചെന്ന് രണ്ടുകൂട്ടരും ഒന്ന് കെട്ടിപിടിച്ചതോടെ ആ പ്രശ്‌നം അവസാനിച്ചു’- ഇടവേള ബാബു പറഞ്ഞു.