നില ബേബിക്ക് കുഞ്ഞനുജത്തി; പേളി മാണിയ്ക്ക് കുഞ്ഞുപിറന്നു


തിരുവനന്തപുരം: നടിയും അവതാരകയുമായ പേളി മാണിയ്ക്ക് കുഞ്ഞു ജനിച്ചു. പേളി മാണിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദാണ് ഇക്കാര്യം അറിയിച്ചത്. പെൺകുഞ്ഞാണ് തങ്ങൾക്ക് ജനിച്ചതെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് വ്യക്തമാക്കി.

തങ്ങൾ വീണ്ടുമൊരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരാണ്. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി അറിയിക്കുന്നുവെന്നും ശ്രീനിഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നു. 2019ൽ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം നടന്നത്.

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു പേളിയും ശ്രീനിഷും. ഷോയിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇത് പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.