‘എത്ര എത്ര കെ.എസ് ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു, കഷ്‌ടം, പരമകഷ്‌ടം’: ചിത്രയ്‌ക്കെതിരെ ഗായകൻ സൂരജ് സന്തോഷ്


അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെഎസ് ചിത്രയുടെ ആഹ്വാനത്തിൽ വിവാദം കനക്കുന്നു. ഏറ്റവും ഒടുവിൽ ചിത്രക്കെതിരെ രൂക്ഷവിമർശനവുമായി ഗായകൻ സൂരജ് സന്തോഷാണ് രംഗത്തെത്തിയത്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത മറക്കുന്നുവെന്നും എത്രയെത്ര കെഎസ് ചിത്രമാ‌ർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നും സൂരജ് പറഞ്ഞു. വിഗ്രഹങ്ങൾ ഇനിയും ഒരുപാട് ഉടയാൻ ഉണ്ടെന്നും സൂരജ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

‘ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത സൈഡിലേയ്ക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്‌ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനിയെത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെഎസ് ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്‌ടം, പരമകഷ്‌ടം’, എന്നായിരുന്നു സൂരജ് കുറിച്ചത്.

അയോധ്യയിൽ പ്രതിഷ്‌ഠാ ദിനം ജനുവരി 22ന് നടക്കുമ്പോൾ ഉച്ചയക്ക് 12.20ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചു കൊണ്ടിരിക്കണം എന്നായിരുന്നു ചിത്ര പറഞ്ഞത്. അത് പോലെ വൈകുന്നേരം അഞ്ച് തിരിയിട്ട വിളക്ക് വീടിന്റെ നാനാഭാ​ഗത്തും തെളിയിക്കണം, ഭ​ഗവാന്റെ അനു​ഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും ചിത്ര പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.