‘ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു, ഇനി ഞാൻ മിണ്ടുന്നില്ല’: അൽഫോൻസ് പുത്രൻ


താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ. താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെന്നും അതിനാൽ ഇനി അങ്ങനെ തന്നെ പോട്ടെയെന്നും അദ്ദേഹം കുറിച്ചു.

‘ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്’, അൽഫോൻസ് കുറിച്ചു.

ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാണിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇനി സിനിമകൾ ചെയ്യുന്നില്ലെന്ന് അൽഫോൺസ് പുത്രൻ അറിയിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് കണ്ടുപിടിച്ചെന്നും അൽഫോൺസ് പറ‍ഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അല്ഫോണ്‍സ് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചില സമയങ്ങളില്‍ രൂക്ഷമായ രീതിയിൽ മറുപടി പറഞ്ഞ സംവിധായകൻ, തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം തിയറ്റര്‍ ഉടമകളാണെന്നും ആരോപിച്ചിരുന്നു.